കുവൈത്ത് സിറ്റി : കുവൈത്ത് സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ആചരിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പെരുന്നാളിന് ജനുവരി ആറിന് നടന്ന കൊടിയേറ്റത്തോടെയാണ് തുടക്കമായത് . 

ജനുവരി ആറിന് വൈകിട്ട്  സന്ധ്യാ നമസ്‌കാരത്തിനും മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ. ജോണ്‍ ജേക്കബ് പെരുന്നാള്‍ കൊടിയേറ്റ് നടത്തി. ജനുവരി ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മധ്യസ്ഥ പ്രാര്‍ത്ഥനയും അന്നു വൈകിട്ട് 7മണിക്ക് ഇടവകയിലെ പ്രാര്‍ത്ഥനാ യോഗങ്ങളുടെ സംയുക്ത യോഗം ഓണ്‍ലൈനില്‍ നടത്തി. റവ. ഫാ. ഷാജി എം ബേബി വചന ശുശ്രൂഷ നിര്‍വഹിച്ചു.

ജനുവരി 8ന് വൈകുന്നേരം ആറു മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ച് ഉള്ള വിശുദ്ധ കുര്‍ബ്ബാനയും നടത്തി. സെന്റ് ഗ്രിഗോറിയോസ് മഹായിടവക വികാരി റവ. ഫാ. ജിജു ജേക്കബ് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനും സകല വാങ്ങിപ്പോയവര്‍ക്ക് വേണ്ടി നടത്തിയ ധൂപ പ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും നടത്തി. ഇടവക വികാരി കൊടിയിറക്കി ഇടവക കൈസ്ഥാനി  ബിനു തോമസ്സിന് നല്‍കിയതോടുകൂടിയാണ് പെരുന്നാള്‍ സമാപിച്ചത്.