കുവൈത്ത് സിറ്റി:  വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴ്  ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് കെ എം സി സി.രണ്ട് ഡോസ് വാക്‌സിനു പുറമെ, ബൂസ്റ്റര്‍ ഡോസുമെടുത്തവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റും കഴിഞ്ഞാണ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുവരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 

മറിച്ച് ആയിരക്കണക്കിനാളുകള്‍ ഒരുമിച്ച് കൂടുന്ന പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നടത്തുകയും ഇത്തരം പരിപാടികള്‍ മന്ത്രിമാര്‍ തന്നെ നേതൃത്യം നല്‍കുന്ന നാട്ടില്‍ മുഴുവന്‍ ടെസ്റ്റുകളും കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്നും കുവൈത്ത് കെ എം സി സി പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി റസാഖ് പേരാമ്പ്രയും പറഞ്ഞു. 

കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനു പകരം പ്രവാസികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നയത്തില്‍ നിന്ന് ഗവണ്‍മെന്റുകള്‍ പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.