കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാരും ഏഴു ദിവസം നിര്‍ബന്ധിത ക്വറന്റീനും, അടുത്ത ഏഴു ദിവസം സ്വയം നിരീക്ഷണവും ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ എന്‍. ആര്‍. ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) മുഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് രണ്ടു ഡോസ് വാക്സിനും, യാത്രക്ക് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും എടുത്ത് നെഗറ്റീവ് ആയവര്‍ മാത്രമാണ് യാത്ര ചെയുന്നത്. കൂടാതെ കരുതല്‍ ഡോസ്‌കൂടി എടുത്താണ് മിക്കവരും യാത്ര ചെയ്യുന്നതും.

കേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയത്തു വീണ്ടും പി.സി.ആര്‍ ടെസ്റ്റ് എടുക്കുകയും ചെയ്യുന്നു. ഇങ്ങിനെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ പ്രവാസികളെ അധിക ക്വറന്റീനീല്‍ നിന്ന് ഒഴിവാക്കി അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്രവാസികള്‍ക്ക് പുറത്തിറങ്ങാനുള്ള അവസരമുണ്ടാക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നാട്ടില്‍ നടക്കുന്ന വിവിദ്ധ പാര്‍ട്ടി സമ്മേളനങ്ങളും, കെട്ടിടങ്ങളും, പാലം അടക്കമുള്ള ഉദ്ഘാടനങ്ങളില്‍ ഒന്നും തന്നെ യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പെടുത്താതെയാണ് പ്രവാസികള്‍ക്ക് മാത്രമായി ഇത്തരം നിയന്ത്രണങ്ങള്‍ മുന്നോട്ടു വെക്കുന്നത്.