കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കുവൈത്ത് കേരളം മുസ്ലിം അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങള്‍ ലവലേശം പാലിക്കാതെ നടക്കുന്ന പൊതു സമ്മേളനങ്ങളും ആഘോഷങ്ങളും നാട്ടില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ പ്രവാസികളുടെ മേല്‍ മാത്രം ഇതുപോലുള്ള അശാസ്ത്രീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രവാസികളെ ദുരിതത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും കെ കെ എം എ ആവശ്യപ്പെട്ടു 

വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്നവരില്‍ ഭൂരിഭാഗവും രണ്ട് ഡോസ് വാക്‌സിനും കൂടാതെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരാണ്. കൂടാതെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് വരുന്നത് ചുരുങ്ങിയ ദിവസത്തെ ലീവിന്ന് നാട്ടിലേക്ക് വരുന്ന ഇത്തരം പ്രവാസികളെ ഒരാഴ്ച്ചത്തെ ഹോം ക്വറന്റൈനിലേക്ക് തള്ളി വിടുന്നത്  പ്രവാസികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. ഇതിനെതിരെ മുഴുവന്‍ പ്രവാസി സമൂഹത്തില്‍ നിന്നും ശക്തമായ പ്രധിഷേധം ഉയരണമെന്നും കെ കെ എം എ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.