കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ പോരാളികള്‍ക്ക് സൗജന്യ റേഷന്‍, ബോണസ് നല്‍കുന്നതിന് തീരുമാനം. 40,000 ആരോഗ്യ മുന്നണി പോരാളികള്‍ക്ക് ബോണസ് നല്‍കുന്നതിന് 134 ദശലക്ഷം ദിനാര്‍ അനുവദിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. നിരവധി വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോണസും സൗജന്യ റേഷനും ലഭിക്കും.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ 90000 പേര്‍ക്കാണ് റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. കോവിഡ് സുപ്രീം സമിതിയാണ് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള അര്‍ഹതയുള്ള ജീവനക്കാരെ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

സൗജന്യ റേഷന്‍ പദ്ധതിയനുസരിച്ചു അരി, പഞ്ചസാര, കോണ്‍ ഓയില്‍, പാല്‍പ്പൊടി, ഫ്രോസന്‍ ചിക്കന്‍, പയറുവര്‍ഗങ്ങള്‍, ടൊമാറ്റോ പേസ്റ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ഇ-റേഷന്‍ പദ്ധതി അനുസരിച്ചു വിതരണം ചെയ്യുന്നതിനാണ് തീരുമാനം.