കുവൈത്ത് സിറ്റി:  കുവൈത്തില്‍ കോവിഡ് ഒമിക്രോണ്‍ വകഭേദം സൃഷ്ടിച്ച ആശങ്കയും ഭീതിയും മൂലം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ഇതിനകം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2,30,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

അതോടൊപ്പം ഒമിക്രോണ്‍ ഭീതി മൂലം രാജ്യത്ത് മാസ്‌ക് വില്‍പ്പന വീണ്ടും കുതിച്ചുയരുകയാണ്. ആദ്യഘട്ട കോവിഡ് ഭീതി മാറിത്തുടങ്ങിയതോടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതില്‍ നിന്നും പുറകോട്ട് പോയി എങ്കിലും വീണ്ടും മാസ്‌ക് വില്‍പ്പന കുതിച്ചുയരുകയാണ്. ഒമിക്രോണ്‍ ആശങ്ക പരന്നതോടെയാണ് മാസ്‌കിന് ആവശ്യക്കാര്‍ വര്‍ധിച്ചത്.

കുവൈത്തു സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തിയത്. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നുള്ള ആരോഗ്യ മന്ത്രാലയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.