കുവൈത്ത് സിറ്റി: കോവിഡില്‍ മരണമടഞ്ഞവര്‍ക്കുള്ള ധനസഹായം, പ്രവാസി കുടുംബങ്ങള്‍ക്കും  നല്‍കണമെന്നാവശ്യപ്പെട്ടു   പ്രവാസി  ലീഗല്‍  സെല്‍  ഗ്ലോബല്‍  പ്രസിഡന്റ്  അഡ്വ. ജോസ്  അബ്രഹാം കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി  ഇന്ന് വീണ്ടും  ജസ്റ്റിസ് നഗരേഷ് പരിഗണിച്ചു. വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടി കേന്ദ്ര  സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ് കത്തയച്ചിട്ടുണ്ടെന്നും, മറുപടി കാത്തിരിക്കുകയാണെന്നും ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ അറിയിച്ചു. 

കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രത്തിനേയും വിഷയത്തില്‍ കക്ഷി ചേര്‍ക്കുവാനായി പരാതിക്കാരായ ലീഗല്‍ സെല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും  പരിഗണിക്കും.കോവിഡില്‍  മരണമടഞ്ഞവരുടെ കുടുംബത്തിന്  ധനസഹായം നല്‍കണമെന്ന  സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നാഷണല്‍  ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്  അതതുസംസ്ഥാനങ്ങളാണ് അമ്പതിനായിരം  രൂപ വീതം കുടുംബാംഗങ്ങള്‍ക്ക് ' നല്‍കേണ്ടത്. 

കോവിഡിനെ  തുടര്‍ന്ന്  വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്  നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടു  പ്രവാസി ലീഗല്‍  സെല്‍  മുന്‍പ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും  ഉത്തരവ്  വാങ്ങിയിരുന്നു.വിഷയത്തില്‍ കേരള ഹൈക്കോടതി  ഇടപെടല്‍ വഴി പ്രവാസികള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ അറിയിച്ചു.