കുവൈത്ത് സിറ്റി:  വിസ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനു കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി തീരുമാനിച്ചു.കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ് വാണിജ്യ സന്ദര്‍ശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മന്ത്രുസഭാ സമിതി എല്ലാ തരത്തിലുമുള്ള വിസ പുണരാരംഭിക്കുന്നതിന് അനുമതി നല്‍കിയത്.കൂടാതെ വാണിജ്യ സന്ദര്‍ശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനും അനുമതി നല്‍കിയിരുന്നു.എന്നാല്‍ കൊറോണ എമര്‍ജന്‍സി കമ്മിറ്റി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ പുതിയ തരംഗം വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്തു പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിസ നടപടികള്‍ കര്‍ശനമാക്കുന്നതിന് തീരുമാനിച്ചത്.ഇതനുസരിച്ചു വിസ മാറ്റം ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെ വിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം കുവൈത്തില്‍ നിക്ഷേപകരായ വിദേശികള്‍ക്കും കച്ചവടക്കാര്‍ക്കും 5 മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള താമസ രേഖ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.രാജ്യത്തെ സാമ്പത്തിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ക്കു അഞ്ച് മുതല്‍ 15 വരെ വര്‍ഷത്തേക്ക് റെസിഡന്‍സി അനുവദിക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക ദിന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.വിദേശ നിക്ഷേപകര്‍,വാണിജ്യ പദ്ധതി ഉടമകള്‍, ചില സ്ഥാപനങ്ങളുടെ ഉടമകള്‍ മുതലായ വിഭാഗങ്ങള്‍ക്കാണു ഈ സൗകര്യം അനുവദിക്കാന്‍ ആലോചിക്കുന്നത്.