കുവൈത്ത് സിറ്റി : പന്ത്രണ്ടാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദി കുവൈത്ത്  നാഷനല്‍ കമ്മിറ്റി പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ, കവിത എന്നീ  വിഭാഗങ്ങളില്‍ അതാത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തര്‍ക്കാണ്  കലാലയം പുരസ്‌കാരം സമ്മാനിക്കുക. 

കുവൈത്തിലെ മലയാളി എഴുത്തുകാര്‍ക്കിടയില്‍ നിന്ന് ലഭിച്ച എന്‍ട്രികളില്‍ നിന്ന് കഥാ പുരസ്‌കാരത്തിന് റീന രാജന്റെ 'വര്‍ണ്ണങ്ങള്‍' എന്ന കഥയും, കവിതാ പുരസ്‌കാരത്തിന് സോഫിയ ജോര്‍ജ്ജിന്റെ 'കൂട്ട് ' എന്ന കവിതയുമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. നാഷനല്‍ പ്രവാസി സാഹിത്യോത്സവ് സാംസ്‌കാരിക സംഗമത്തില്‍ ഐ.സി.എഫ് കുവൈത്ത് നാഷനല്‍ ഫൈനാന്‍സ് സെക്രട്ടറി അഹ്മദ് കെ. മാണിയൂര്‍ വിജയികളെ പ്രഖ്യാപിച്ചു. 

മലയാള സാഹിത്യത്തില്‍ വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കെ.പി. രാമനുണ്ണി ചെയര്‍മാനായുള്ള ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.പ്രവാസത്തിലെ താഴെ തട്ടിലുള്ള തൊഴിലാളികള്‍ മുതല്‍ കുടുംബിനികള്‍ വരെയുള്ളവരുടെ രചനകള്‍ മത്സരത്തിന് എത്തിയിരുന്നു. മനുഷ്യ പക്ഷത്ത് നിന്നുള്ള എഴുത്തുകളാണ് കൂടുതല്‍ ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു.പുരസ്‌കാരങ്ങള്‍ പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു