കുവൈത്ത് സിറ്റി :വിദേശ തൊഴിലാളികള്‍ക്ക് കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി തണുപ്പ് കാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.

അതിന്റെ അടിസ്ഥാനത്തിലാണ്  കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി തണുപ്പുകാല വസ്ത്രങ്ങള്‍ നിറച്ച 5000 ബാഗുകള്‍ വിതരണം ചെയ്തതു.വ്യവസായ, വാണിജ്യ മേഖലകളിലെ തൊഴിലാളികള്‍ക്കാണ് തണുപ്പുകാല
വസ്ത്രങ്ങള്‍ നല്‍കുന്നതെന്നു കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍ സായര്‍ വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.

അതേസമയം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ റെഡ് ക്രെസെന്റ് സൊസൈറ്റി പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം സഹായ പദ്ധതിയിലേക്ക് സംഭാവന നല്‍കിയ സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക്  നന്ദി അറിയിക്കുന്നതിനോടൊപ്പം കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായി ഇനിയും പുതപ്പും കോട്ടും ഉള്‍പ്പെടെയുള്ള തണുപ്പ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.