കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത കുടിയേറ്റക്കരേ കണ്ടെത്തുന്നതിനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം താത്കാലികമായി നിര്‍ത്തി വച്ചു. നാടു കടത്തല്‍ കേന്ദ്രങ്ങളും ജയിലുകളും പിടിയിലായവരെ കൊണ്ടു നിറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിര്‍ത്തി വച്ചത്.

ജയിലുകളിലും നാടു കടത്തല്‍ കേന്ദ്രങ്ങളിലുമുള്ള സ്ഥല പരിമിതി, വിമാനങ്ങളിലെ സീറ്റ് ദൗര്‍ലഭ്യം, ജയിലുകളില്‍ കൊറോണ വ്യാപനത്തിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണു അധികൃതരുടെ നടപടി.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പേരെ പിടികൂടിയിരുന്നു. രാജ്യത്ത് 1,80,000 ത്തിലേറെ അനധികൃത കുടിയേറ്റക്കാര്‍ തുടരുന്നതായിട്ടാണ് ആഭ്യന്തര മന്ത്രാലയ അധികൃതരുടെ റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി നാട് കടത്തുന്നതിനാണ് തീരുമാനം.