കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുന്നതിന് ആരോഗ്യ മന്ത്രി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് മന്ത്രിസഭയോട് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിന് ക്യാബിനറ്റ് തീരുമാനിച്ചത്.

രാജ്യത്തെ വാണിജ്യ സമൂച്ചയങ്ങളുടെയും  റെസ്റ്റാറന്റുകളുടെയും പ്രവര്‍ത്തനസമയം നീട്ടരുതെന്നും കൂടുതല്‍ കടുത്ത നിയന്ത്രങ്ങള്‍ കൊണ്ടുവരണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കോവിഡ് ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും സാമൂഹിക അകലം കര്‍ശനമായും പാലിക്കുന്നതിനും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനും അധികൃതര്‍ ആവശ്യപ്പെട്ടു.