കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദാണ് അറിയിച്ചത്.

വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത് കുവൈത്ത് സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ഇവ കുവൈത്തിലെത്താതിരിക്കാന്‍ എല്ലാ ജാഗ്രതയും പുലര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ത്രാവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വൈറസ് എത്തുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കുവൈത്തില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം 3,27,963 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.  മൂന്നുപേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1,820 ആയി.

ഇതിനകം രാജ്യത്ത് മൊത്തം 3,10,095 പേര്‍ രോഗമുക്തരായതായും നിലവില്‍ 16,048 പേര്‍ ചികിത്സയിലുമാണ്. ഇവരില്‍ 170 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതയും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ. സനാദ് ആവശ്യപ്പെട്ടു.