കുവൈത്ത് സിറ്റി: ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ശമ്പളമില്ലാതെ നൂറുകണക്കിന് വിദേശ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ തൊഴിലാളികളാണ് ഫെബ്രുവരി മുതല്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായതെന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസങ്ങളായി ശമ്പളമില്ലാതെ പ്രതിസന്ധി നേരിടുന്ന 300 ഓളം തൊഴിലാളികള്‍ ഇവരില്‍ ഭൂരിഭാഗവും സെക്യൂരിറ്റി ഗാര്‍ഡ്‌സ്, പോര്‍ട്ടേഴ്സ്, ശുചീകരണ തൊഴിലാളികളാണ്. ഇവര്‍ പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രിക്കള്‍ചറല്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സ് വിഭാഗത്തിന്റെ കരാര്‍ തൊഴിലാളികളാണ്.

ചാരിറ്റി സംഘടനകളുടെ സഹായത്തിലാണ് തൊഴിലാളികള്‍ കഴിയുന്നതെന്നും ഇവര്‍ക്ക് കുടിശ്ശിക ശമ്പളം പോലും നല്‍കാതെ കരാര്‍ കമ്പനി നാട് കടത്തുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികള്‍ ബന്ധപ്പെട്ട തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ വിഭാഗത്തിന് പരാതി നല്‍കുന്നതിനുള്ള നീക്കത്തിലാണ്.