കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്നും ഇന്ത്യക്കുള്ള മെഡിക്കല്‍ സഹായം തുടരുമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രി. ഇന്ത്യ അഭിമുഖീകരിക്കുന്ന കോവിഡ് പ്രതുസന്ധി നേരിടുന്നതിന് കുവൈത്തിന്റെ സര്‍വപിന്തുണയും ഉണ്ടാകുമെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ ഷേയ്ഖ് ഡോ.അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.

കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇന്ത്യ നേരിടുന്ന കോവിഡ് പ്രതുസന്ധി പരിഹരിക്കുന്നതിന് എല്ലാവിധ മെഡിക്കല്‍ സഹായവും ന്യൂഡല്‍ഹിയില്‍ എത്തിക്കുന്നതിന് കുവൈത്ത് ക്യാബിനറ്റ് തീരുമാനിച്ചത്.
ഇതനുസരിച്ചു ഇന്ത്യക്ക് കുവൈത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകാരണങ്ങളും മെഡിക്കല്‍ സഹായവും ഇന്ത്യയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത് വരെ തുടരുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കുവൈത്ത് നല്‍കിവരുന്ന സഹായം ഇന്ത്യയും കുവൈത്തും തമ്മില്‍ തുടരുന്ന ചരിത്രപരമായ ബന്ധത്തിന്റെ തുടുര്‍ച്ചയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കുവൈത്ത് വിദേശ കാര്യ മന്ത്രിയെ അറിയിച്ചു. കൂടാതെ കുവൈത്ത് നല്‍കി വരുന്ന എല്ലാവിധ സഹായങ്ങള്‍ക്കും ഇന്ത്യന്‍ ജനത കടപ്പെട്ടിരിക്കുന്നതയും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും കുവൈത്തും തമ്മില്‍ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധവും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും നടത്തി വരുന്ന പരസ്പര സഹകരണവും സൗഹൃദ ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും, ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികളും ഇരുവരും ചര്‍ച്ച ചെയ്തതായും കുവൈത്ത് നാഷണല്‍ ഏജന്‍സി വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.