കുവൈത്ത് സിറ്റി: കുവൈത്തില്‍ സെപ്റ്റംബറോടെ സമൂഹം കോവിഡ് പ്രതിരോധ ശക്തി കൈവരിക്കുമെന്ന് സര്‍ക്കാര്‍ ഉന്നത വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ കണക്കുകളനുസരിച്ചു സെപ്റ്റംബറോടെ 30 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കും. നിലവില്‍ രാജ്യത്തുടനീളം കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചു കുത്തിവെപ്പ് പുരോഗമിക്കുകയാണ്. വരുന്ന രണ്ടാഴ്ച്ചക്കകം 20 ലക്ഷം പേര്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കും.

രാജ്യത്തെ ജനസംഖ്യയുടെ 65 മുതല്‍ 70 ശതമാനം ജനങ്ങളുടെ സെപ്തംബറില്‍ സ്‌കൂള്‍ അധ്യായന വര്‍ഷം ആരംഭത്തോടെ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനകം 13 വാക്സിനേഷന്‍ സെന്ററുകളില്‍ 30,000 പേര്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായും, മൊബൈല്‍ യൂണിറ്റുകള്‍ വഴി 60,000 പേര്‍ വിവിധ കോ ഓപ്പറേറ്റീവ്, ബാങ്കുകള്‍, മാളുകള്‍, പള്ളികള്‍ കേന്ദ്രീകരിച്ചു പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളില്‍ പോലും കോവിഡ് വാക്സിനേഷന്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കിയതായും ഈ നിലയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ മൂന്നു മില്യണ്‍ ജനത കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതോടെ രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നുമാണ് ആരോഗ്യ മന്ത്രാലയ അധികൃതരും കണക്കുകൂട്ടുന്നത്.