കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആറുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും 795 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,687 ആയി. കോവിഡ് ബാധിതരുടെ എണ്ണം 2,90,801 ആയും ഉയര്‍ന്നു.

24 മണിക്കൂറിനിടെ 1,047 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,76,792 ആയി. നിലവില്‍ 12,322 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 194 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും, കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.അബ്ദുള്ള അല്‍ സനാദ് ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രമുഖ മാളുകള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റി, പള്ളികള്‍, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നതയും, കുത്തിവെപ്പ് എടുക്കുന്നതിനു ശേഷിക്കുന്ന എല്ലാവരും കുത്തിവെപ്പിന് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.