കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടു സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന വിദേശികളുടെ അനുകൂല്യങ്ങള്‍ മുടക്കരുതെന്ന് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. തൊഴില്‍ നഷ്ടപ്പെട്ടു വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കരാര്‍ തൊഴിലാളികള്‍ക്ക് അനുകൂല്യങ്ങള്‍ മുടക്കരുതെന്ന അതോറിറ്റിയുടെ മുന്നറിയിപ്പ്.

സര്‍ക്കാരിന്റെ വിവിധ നിര്‍മ്മാണ പദ്ധതികള്‍ക്കായി റിക്രൂട്ട് ചെയ്തു കൊണ്ടു വന്ന തൊഴിലാളികളുടെ അനുകൂല്യങ്ങള്‍ കൃത്യമായി നല്‍കി മടക്കി അയക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് വിസ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതോറിറ്റി കര്‍ശന നടപടികള്‍ക്ക് നീങ്ങുന്നത്. വിദേശ തൊഴിലാളികളെ അനാവശ്യമായ റിക്രൂട് ചെയ്തു കൊണ്ടു വരികയും രാജ്യത്തിന്റെ തൊഴില്‍ സംസ്‌കാരത്തിന് കളങ്കം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

2020 ല്‍ മാത്രം കുവൈത്തില്‍ നിന്നും 2,15,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായതിനെ തുടുര്‍ന്ന് നാടുകളിലേക്ക് മടങ്ങി. കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിദേശികള്‍ക്കു സന്ദര്‍ശന വിസ അനുവദിക്കുന്നതും നിര്‍ത്തിവച്ചു.
ഇതോടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തെഴിലാളി ക്ഷാമവും രൂക്ഷമായി. എന്നാല്‍  2020 ല്‍ 12,000 സ്വദേശികള്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചു.കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മാന്‍ പവര്‍ അതോറിറ്റി ലക്ഷ്യമാക്കുന്നത്.

ഇതോടെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ നഷ്ടമായി മലയാളികളടക്കം നിരവധി വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുമെന്നാണ് ലഭിക്കുന്ന സൂചന.