കുവൈറ്റ് സിറ്റി: കേന്ദ്ര പ്രവാസി  കമ്മീഷന്‍  രൂപീകരണത്തില്‍  തീരുമാനമെടുക്കാന്‍  കേന്ദ്രസര്‍ക്കാരിന്  ഡല്‍ഹി  ഹൈക്കോടതി  നിര്‍ദേശം. കേന്ദ്രത്തില്‍  ജുഡീഷ്യല്‍  അധികാരങ്ങളോടെ പ്രവാസി  കമ്മീഷന്‍  രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  പ്രവാസിയും  പ്രവാസി  ലീഗല്‍  സെല്‍  ഒമാന്‍ കണ്‍ട്രി ഹെഡുമായ അനീസുര്‍  റഹ്മാന്‍  നല്‍കിയ  ഹര്‍ജിയിലാണ് ഡല്‍ഹി ഹൈകോടതി നിര്‍ദ്ദേശം.

ചീഫ്  ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിങ് എന്നിവരടങ്ങിയ  ബെഞ്ചിന്റെതാണ്  ഉത്തരവ്. അടിയന്തിരമായി  ഈ  വിഷയത്തില്‍  ഹര്‍ജിക്കാരന്റെ നിവേദനത്തില്‍  തീരുമാനമെടുക്കുവാനാണ്  ഡല്‍ഹി  ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്  നിര്‍ദേശം  നല്‍കിയിരിക്കുന്നത്. 

ഗോവ, പഞ്ചാബ്, കേരളം  തുടങ്ങിയ സംസ്ഥാനങ്ങളില്‍  പ്രവാസി കമ്മീഷനുകള്‍  നിലവിലുണ്ടെങ്കിലും  വിദേശത്തുള്ള  എംബസ്സികളും മറ്റും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍  ആയതിനാല്‍ കേന്ദ്രത്തില്‍  ജുഡീഷ്യല്‍ അധികാരങ്ങളോട്  കൂടെയുള്ള  കമ്മീഷന്‍  ഉണ്ടാവേണ്ടതുണ്ട്  എന്ന് ഹര്‍ജിക്കാരന്‍  ഹൈക്കോടതിയില്‍  ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്കെതിരെയുള്ള  വിവിധ  ചൂഷണങ്ങളും  അതിക്രമങ്ങളും അന്വേഷണം  നടത്തി  നടപടി സ്വീകരിക്കുന്നതിനും പ്രവാസികളുടെ അവകാശങ്ങള്‍  ഹനിക്കുന്ന എംബസികളുടെയും  മറ്റു സര്‍ക്കാര്‍ ഉദ്യഗസ്ഥന്മാരുടെയും  നടപടികള്‍ വിലയിരുത്താനും നടപടി എടുക്കാനും  കേന്ദ്ര പ്രവാസി  കമ്മീഷനേ സാധിക്കൂ എന്ന്  കോടതിയില്‍  ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരനുവേണ്ടി പ്രവാസി ലീഗല്‍ സെല്‍  ഗ്ലോബല്‍ പ്രസിഡന്റ്  അഡ്വ. ജോസ്  എബ്രഹാം, അഡ്വ. ദീപ ജോസഫ്, അഡ്വ. ബ്ലെസ്സന്‍ മാത്യൂസ്  എന്നിവര്‍  ഹാജരായി.

പ്രവാസികള്‍ക്കായി ദേശീയ  പ്രവാസി കമ്മീഷന്‍ സ്ഥാപിക്കുവാനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രിക്ക്  പ്രവാസി ലീഗല്‍ സെല്‍ നിവേദനം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തിലൂടെ കേന്ദ്ര പ്രവാസി കമ്മീഷന്‍ വേഗത്തില്‍ നടപ്പിലാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പില്‍ അറിയിച്ചു.