കുവൈത്ത് സിറ്റി: മെഡിക്കല്‍ സഹായവുമായി കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച ഇന്ത്യയില്‍ എത്തിച്ചേരും. സൈനിക വിമാനത്തില്‍ ശനിയാഴ്ച മുതല്‍ ആവശ്യമുള്ള ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയില്‍ എത്തിക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അല്‍ നജീം കുനയെ അറിയിച്ചു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൂടാതെ വെന്റിലേറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകാരണങ്ങുളും കുവൈത്തില്‍ നിന്നും എത്തിക്കും. ഇന്ത്യയിലെ ആശുപത്രികളില്‍ ക്ഷാമം നേരിടുന്ന മെഡിക്കല്‍ വസ്തുക്കളാണ് എത്തിക്കുന്നത്. ഇന്ത്യയുമായി നിലവിലുള്ള പരസ്പര സഹകരണ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ ആരംഭത്തില്‍ കുവൈത്തിന് സഹായവുമായി ഇന്ത്യയില്‍ നിന്നും ആരോഗ്യ വിദഗ്ദ്ധ സംഘം കുവൈത്തില്‍ എത്തിയിരുന്നു. പ്രത്യേകിച്ചും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 മത് വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഷേയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി ടെലിഫോണില്‍ സന്ദേശം കൈമാറിയതയും സ്ഥാനപതി അറിയിച്ചു.

അതോടൊപ്പം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധവും വാണിജ്യ വ്യവസായ ബന്ധവും അനുസ്മരിച്ചു കൊണ്ടുള്ള ആഘോഷ പരിപാടികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ സ്ഥാനപതി സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു.

കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ബിസിനസ് നെറ്റ്വര്‍ക്ക് -  ഐ ബി എന്‍ മായി അഗ്രികള്‍ച്ചറല്‍ -പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ടസ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി - എ പി ഇ ഡി എ യുമായി സഹകരിച്ചുകൊണ്ടാണ്  ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാര്‍ഷികത്തോടനുബന്ധിച്ചു വേര്‍ച്ചുവല്‍ ഇവന്റ് സംഘടിപ്പിച്ചത്.