കുവൈറ്റ് സിറ്റി: കോവിഡ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു. വെബിനാറില്‍ കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ: മുഹമ്മദ് അഷീല്‍ മുഖ്യാഥിതിയായി പങ്കെടുത്തു.

മുഴുവന്‍ ആളുകളെയും സംരക്ഷിച്ചു കൊണ്ട്  രോഗബാധിതര്‍ക്ക് മുഴുവന്‍ ചികിത്സ ലഭ്യമാക്കുക എന്ന നയമാണ് സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡിന്റെ ഒന്നാം ഘട്ടം മുതല്‍ സ്വീകരിച്ച് നടപ്പിലാക്കിയതെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മികച്ച രീതിയിലുള്ള തയ്യാറെടുപ്പ് സംസ്ഥാനത്ത് മരണ നിരക്ക് കുറക്കുന്നതിന് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുവൈറ്റ് ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദ്, അല്‍ അബീര്‍ മെഡിക്കല്‍ ഫര്‍വാനിയ ഇന്റെര്‍ണല്‍ മെഡിസിന്‍ സീനിയര്‍ രജിസ്ട്രാര്‍ ഡോ.ജിബിന്‍ ജോണ്‍ തോമസ് എന്നിവര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. കോവിഡുമായി ബന്ധപ്പെട്ട്  പ്രവാസികള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കി.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് ഇത്തരത്തില്‍ ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ച കല കുവൈറ്റിനെ അഭിനന്ദിക്കുന്നതായി പങ്കെടുത്ത ഡോക്ടര്‍മാര്‍ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ചോദ്യോത്തരവേളയുടെ അവതാരികയായി ശ്രീമതി രാജലക്ഷ്മി ശൈമേഷും പ്രവര്‍ത്തിച്ചു.