കുവൈത്ത് സിറ്റി: വിസാ കാലാവധിയുള്ള 3,50,000 വിദേശികള്‍ രാജ്യത്ത് മടങ്ങി വരാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം വിദേശ തൊഴിലാളികള്‍ക്ക് മടങ്ങി എത്താന്‍ കഴിയാത്തത് മൂലം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്നതായി കമ്പനി ഉടമകള്‍ പരാതിപ്പെടുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നില്ല. ഇത് സ്വകാര്യ തൊഴില്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മുന്‍കരുതലോടെ തൊഴിലാളികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും കമ്പനി ഉടമകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് അഞ്ചു ലക്ഷത്തോളം തോഴിലാളികള്‍ മടങ്ങി വരാനാകാതെ സ്വന്തം നാടുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ 1,51,990 പേരുടെ വിസ റദ്ദായി. അതേസമയം മൂന്നര ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് കാലാവധിയുള്ള താമസ രേഖയോടെ വിദേശത്തു കുടുങ്ങി കിടക്കുകയാണ്. തൊഴിലാളി ക്ഷാമം രാജ്യത്തെ വാണിജ്യ മേഖല നേരിടുന്ന ഭീഷണി കണക്കിലെടുത്തു അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്പനി ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.