കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർക്ക്  മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് ഇന്ത്യൻ എംബസ്സി ടെലി മെഡിസിന്‍ സേവനം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കുവൈത്തിലുള്ള ഇന്ത്യക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറവും സഹകരിച്ച് ടെലി മെഡിസിന്‍ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള നമ്പറുകളിൽ ഡോക്ടറുമായി നേരിട്ടു ബന്ധപെടാവുന്നതാണ്. ഇതനുസരിച്ചു 44 ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഫോ​ണി​ലൂ​ടെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗു, ഉ​ർ​ദു, ത​മി​ഴ്, ബം​ഗാ​ളി, കൊ​ങ്കി​ണി, അ​റ​ബി ഭാ​ഷ​ക​ളി​ൽ  ഡോ​ക്​​ട​ർ​മാ​ർ ഫോണിലൂടെ സേവനം നൽകും. 

കോവിഡ് പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗികൾക്ക് വേണ്ട മെഡിക്കൽ നിർദേശം നൽകുന്നതിനും മനോധൈര്യം പകരാനുമാണ് സൗജന്യമായ ടെലി മെഡിക്കൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന്  എംബസ്സി അധികൃതർ വ്യക്തമാക്കി.