കുവൈത്ത് സിറ്റി : മാനസിക രോഗമുള്ള വിദേശികളെ ഉടന്‍ നാട് കടത്തണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബദര്‍ അല്‍ ഹുമൈധി. മാനസിക രോഗത്തിനുള്ള ചികിത്സ വളരെ നീണ്ടതാണെന്നും അക്കാരണത്താല്‍ രോഗ ലക്ഷണമുള്ളവരെ സ്വന്തം രാജ്യങ്ങളിലേക്ക് എത്രയും വേഗം നാട് കടത്തുകയുമാണ് വേണ്ടത്.

വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അതാതു രാജ്യത്തെ സര്‍ക്കാരുകളാണ്. അതേസമയം മനുഷ്യത്വപരമായ സമീപനം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും സാമ്പത്തിക സഹായം വേണ്ടവര്‍ക്ക് അതു നല്‍കണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് നിലവില്‍ 37,000 വിദേശികളാണ് മാനസികാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇത്രയും വിദേശികള്‍ക്കു ചികിത്സ നല്‍കുക ആരോഗ്യ മന്ത്രാലയത്തിന് വലിയ ബാധ്യതയാണെന്നും ഹുമൈധി വ്യക്തമാക്കുന്നു.

അതോടൊപ്പം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍വീസില്‍ തുടരുന്ന വിദേശികളായ നിയമ ഉപദേഷ്ടാക്കളെ പിരിച്ചു വിട്ട് പകരം സ്വദേശികളെ ഒരു വര്‍ഷത്തിനുള്ളില്‍ നിയമിക്കണമെന്നും ഹുമൈധി ആവശ്യപ്പെട്ടു.