കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പ്രതിദിനം പുതിയ കോവിഡ് രോഗികള്‍ 1500-ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം കോവിഡ് അത്യാഹിത സമിതിക്ക് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഭാഗിക കര്‍ഫ്യൂ നടപ്പിലാക്കിയെങ്കിലും, രോഗ പ്രതിരോധത്തിന് കാര്യമായ ഫലം ഉണ്ടായിട്ടില്ലെന്നാണ്  കണക്കാക്കുന്നത്. കര്‍ഫ്യൂ പ്രഖ്യാപിച്ച് ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ 25,408 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. 143 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, പുതിയതായി കോവിഡ് രോഗികളും മരണനിരക്കും ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ആവശ്യപ്പെട്ടു.