കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ കുവൈത്തില്‍ എഴുതാന്‍ അനുമതി. ഇതു സംബന്ധിച്ച് കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയം- സ്വകാര്യ വിദ്യാഭ്യാസ വിഭാഗം- അസി.അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്‌സിന്‍ ഹാദി അല്‍ ഹുവൈലെയാണ് ഉത്തരവിറക്കിയത്.

കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ നിരന്തരമായ ഇടപെടലുകളാണ് അനുമതി ലഭിക്കാന്‍ ഇടയാക്കിയത്. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്‌കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല. സാങ്കേതികമായ കാരണങ്ങള്‍ പരിഹരിച്ച് വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സെപ്റ്റംബറില്‍ മാത്രമേ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.