കുവൈത്ത് സിറ്റി: ഇടതുപക്ഷവും ബി ജെ പിയും കെട്ടിപ്പൊക്കുന്ന ഹിംസയുടെയും വിദ്വേഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നാളുകള്‍ക്ക് വിരാമമിടാന്‍ ഓരോ വോട്ടു കൊണ്ടും തീരുമാനിക്കണമെന്നും പരസ്പര ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാനും നമ്മുടെ പൈതൃകം നിനിര്‍ത്താനും നമുക്ക് കഴിയേണ്ടതുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ പ്രസ്താവിച്ചു. കുവൈത്ത് കെഎം. സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും മുസ്ലീം ലീഗ് സ്ഥാപക ദിനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു.

മുന്‍ പി.എസ്.സി. അംഗം ടി.ടി. ഇസ്മായില്‍ മുസ്ലീം ലീഗ് സ്ഥാപക ദിന പ്രഭാഷണം നടത്തി. മുന്‍കാല മുസ്ലിം ലീഗ് നേതാക്കള്‍ ഉയര്‍ത്തിപിടിച്ച മൂല്യബോധമുള്ള ആദര്‍ശനിഷ്ഠയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഒരുപാട് ദൂരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും സമൂഹത്തിന്റെയും സമുദായത്തിന്റെയും പുനര്‍നിര്‍മിതിക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പലതും ഉപേക്ഷിക്കേണ്ടി വരുമെന്നും അധികാരം ലീഗ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമല്ലെന്നും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രം മാണതെന്നും ടി.ടി.ഇസ്മായില്‍ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രവാസികള്‍ ജാഗ്രതയോടെ കാണണമെന്നും കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിച്ച പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനെക്കെതിരെയുള്ള വിധിയെഴുത്താവണം വരാനിരിക്കുന്ന  നിയമസഭ തെരഞ്ഞെടുപ്പെന്ന് പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും താനൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.പി കെ. ഫിറോസ് പറഞ്ഞു.

പ്രവാസികളെ ദ്രോഹിക്കുന്ന പിണാറായി സര്‍ക്കാരിന്റെ ദുര്ഭരണത്തിനെതിരെയും പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടാനുവദിക്കരുതെന്നു പറഞ്ഞ സി.പി.എമ്മിനുമെതിരെയുമുള്ള  വിധിയെഴുത്താകണം ഈ തിരഞ്ഞെടുപ്പെന്ന് കുവൈത്ത് കെഎം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്  പറഞ്ഞു.

എം.ജി. യൂണിവേഴ്‌സിറ്റി മുന്‍സെനറ്റംഗവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയംഗവുമായ നിധിന്‍ കിശോര്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി. അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ് പേരാമ്പ്ര, ട്രഷറര്‍ എം.ആര്‍. നാസര്‍, വൈസ് പ്രസിഡന്റുമാരായ എന്‍.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി. ഷംസു, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് മൂടാല്‍ എന്നിവരും ആശംസകളര്‍പ്പിച്ചു. കുവൈത്ത് കെഎം.സി.സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഷ്താഖ്  സ്വാഗതവും സെക്രട്ടറി റസാഖ് അയ്യൂര്‍ നന്ദിയും പറഞ്ഞു.