കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കര്‍ശനമാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
അതേസമയം കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ റമദാന്‍ മാസത്തിനുശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസല്‍ അല്‍ സബയുടെ മുന്നറിയിപ്പ്.

കുവൈത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ്  റമദാന്  ശേഷം വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും എടുത്തിട്ടില്ലാത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ. ബാസല്‍ അല്‍ സബ മുന്നറിയിപ്പ് നല്‍കുന്നത്.

റമദാനിന് മുമ്പായി രാജ്യത്ത് ആകെ വാക്സിന്‍ എടുത്തവരുടെ എണ്ണം 10 ലക്ഷമായി ഉയരുമെന്നും സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്ത് ഇരുപത് ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി അഭിപ്രായപെട്ടു.

അതേസമയം എട്ട് ലക്ഷം പേര്‍ ഇതിനകം വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരില്‍ അഞ്ചു ലക്ഷം വിദേശികളും മൂന്ന് ലക്ഷം സ്വദേശികളുമാണ്. കൂടാതെ വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇതിനകം 4,30,000 പേര്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി റജിസ്‌ട്രേഷന്‍ സുഗമമായി നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളോട് ജനങ്ങള്‍ സഹകരിക്കണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി എല്ലാവരും പ്രതിരോധ കുത്തിവയ്പിനായി രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.