കുവൈത്ത് സിറ്റി∙ കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ എഴുത്തു പരീക്ഷകൾ  റദ്ദാക്കാൻ  സർക്കാർ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ ഒഴിവാക്കുന്നതിന് 
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. 

തീരുമാനം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകമാണെന്ന് മന്ത്രാലയം സ്പെഷൽ എജ്യുക്കേഷൻ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ അൽ ഹുവൈലെ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ മൂല്യനിർണയത്തിന് അവലംബിച്ച രീതി തുടരുന്നതാണ്. അതേസമയം ഇതിനകം ചില വിദ്യാലയങ്ങൾക്ക്‌ എഴുത്ത് പരീക്ഷ നടത്തുന്നതിന് നൽകിയ അനുമതി   ഇതോടെ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

എന്നാൽ ഒന്നാം സെമസ്റ്ററിൽ പ്രത്യേക അനുമതിയോടെ ചില സ്കൂളുകളിൽ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. അത്തരത്തിൽ പരീക്ഷ നടത്തിയ സ്കൂളുകൾക്കും ഇതോടെ എഴുത്ത് പരീക്ഷയ്ക്ക് അനുമതി ഇല്ല.

രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി വളരെ ഉയർന്ന തോതിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ഈ പ്രത്യേക സാഹചര്യത്തിലാണ് കുട്ടികൾ സ്കൂളുകളിൽ എത്തുന്നത് ഒഴിവാക്കാൻ എഴുത്തുപരീക്ഷ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.