കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പല രാജ്യങ്ങളും വിവിധ വിമാന കമ്പനികൾക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഇതുവരെ ആകെ കുവൈത്തിലെത്തിയത് ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വിമാനം മാത്രം. 

ഗാർഹിക തൊഴിലാളികളുടെ ഡിമാൻഡ് വർദ്ധിച്ചതോടെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് നേരിട്ടു വരുന്നതിനുള്ള അവസരമൊരുങ്ങിയെങ്കിലും തൊഴിലാളികളുടെ മടങ്ങിവരവ് സജീവമായിട്ടില്ല. നേരിട്ടു പ്രവേശന വിലക്ക് നിലവിലുള്ള ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത്​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം സാ​ധ്യ​മാ​യി​ട്ടുമില്ല.

കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്, ജ​സീ​റ എ​യ​ർ​വേ​യ്​​സ്​ വി​മാ​ന​ങ്ങ​ളി​ലാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വിമാന സ​ർ​വി​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രാ​ൻ നി​ശ്ച​യി​ച്ചിരുന്നത്. എ​ന്നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ ക്വാ​ട്ട അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​തോടെ പ്ര​തി​സ​ന്ധി ഉടലെടുത്തിരിക്കുകയാണ്. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ഇ​​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ​ക്ക്​ പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

മുമ്പ് കുവൈ​ത്തി​ൽ​നി​ന്ന്​വിദേശികളുടെ മ​ട​ക്കം സം​ബ​ന്ധി​ച്ചും ഇ​ത്ത​ര​ത്തി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ്​ ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​ല്ല. എന്നാൽ പി​ന്നീ​ട്​ ഇ​ന്ത്യ​ൻ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ ഇ​ൻ​ഡി​ഗോ, ഗോ ​എ​യ​ർ എ​ന്നീ വിമാന കമ്പനികൾ സ​ർ​വി​സ്​ ന​ട​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ൾ കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്, ജ​സീ​റ എ​യ​ർ​വേ​യ്​​സ്​ എ​ന്നി​വ​ക്കും ക്വാ​ട്ട വേ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ആ​വ​ശ്യ​പ്പെ​ട്ടു. സമാനമായ ആവശ്യം ഉന്നയിച്ചതോടെയാണ് പ്രശ്ന പരിഹാരം നീണ്ടുപോകുന്നത്.

എന്നാൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച്​ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ളും മറ്റു സംവിധാനങ്ങളും ഒരുക്കി കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം സജ്ജമായിട്ടുണ്ട്. ബി​നീ​ദ്​ അ​ൽ ഗാ​ർ, കു​വൈ​ത്ത്​ സി​റ്റി, ഫി​ൻ​താ​സ്, സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, മ​ഹ​ബൂ​ല, അ​ബൂ​ഹ​ലീ​ഫ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളും അ​പ്പാ​ർ​ട്​​മെൻറു​ക​ളും എ​ടു​ത്താ​ണ്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇന്ത്യ​യി​ൽ​നി​ന്ന്​ 110 ദീ​നാ​റും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്ന്​ 200 ദീ​നാ​റും ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ 145 ദീ​നാ​റു​മാ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ മ​ട​ക്ക​ത്തി​ന്​​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ നി​ശ്ച​യി​ച്ചിട്ടുള്ളത്.