കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 34 രാജ്യക്കാരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് തുടരും. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല.
പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്‌ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ ക്യാബിനറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം പ്രധാനമന്ത്രി കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.
കുവൈത്ത് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലി മുഹമ്മദ് അല്‍ ദുക്കാന്‍, ജസീറ എയര്‍വേയ്‌സ് മേധാവി മര്‍വാന്‍ ബുദായി, വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മന്‍ ഹമൂദ് അസ്സബാഹ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാന കമ്പനികള്‍ സമര്‍പ്പിച്ച പദ്ധതി അധികൃതരുടെ പരിഗണനയിലാണ്. നിലവില്‍ നേരിട്ടുള്ള പ്രവേശന വിലക്കുള്ള രാജ്യക്കാര്‍ സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ അംഗീകരിച്ചു കൊണ്ടു കുവൈത്തിലേക്ക് നേരിട്ട്‌വരാന്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ് വിമാന കമ്പനികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.