കുവൈത്ത് സിറ്റി : കുവൈത്തില്‍ ഒളിച്ചോടല്‍ പരാതിയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇഖാമ നിയമപരമാക്കുന്നതിനു മൂന്നു മാസത്തെ സമയ പരിധി അനുവദിച്ചു.
തൊഴില്‍ കരാറും വിദ്യാഭ്യാസ യോഗ്യതയും ചേര്‍ച്ച ഇല്ലാത്തതിനാല്‍ ഇരുപതിനായിരത്തോളം വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായും സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീല്‍ വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ സ്പോണ്‍സറുടെ പരാതിയില്‍ ഒളിച്ചോട്ട കേസ് നിലനില്ക്കുന്നവര്ക്കാണു താമസ രേഖ ശരിയാക്കുന്നതിനു മൂന്നു മാസത്തെ സമയ പരിധി അനുവദിച്ചിരിക്കുന്നത്.
ഇത്തരം കേസുകള്‍ നില നില്ക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പിഴയടച്ച് ശേഷം ഇഖാമ മാറ്റുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഒളിച്ചോടല്‍ കേസ് നിലനില്‍ക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണു പുതിയ സൗകര്യം ഏര്‍പ്പെടുത്തിയതെന്നും, മന്ത്രി മറിയം അഖീല്‍ വ്യക്തമാക്കുന്നു
.അതേ സമയം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇരുപതിനായിരം വിദേശികളുടെ താമസ രേഖ റദ്ധു ചെയ്തതായും അവര്‍ പറഞ്ഞു.
തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും ചേര്‍ച്ച ഇല്ലാത്തവരുടെ താമസ രേഖയാണു ഇത്തരത്തില്‍ റദ്ദു ചെയ്തത്.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ കമ്പ്യൂട്ടര്‍ ശൃംഘല വഴി ബന്ധിപ്പിച്ചതോടെയാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്.
സാധാരണ തൊഴിലാളിയുടെ പദവിയില്‍ രാജ്യത്ത് എത്തിയവര്‍ പിന്നീട് മറ്റു ജോലികള്‍ സമ്പാദിക്കുന്ന അവസ്ഥ നിലനില്ക്കുന്നു.
വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായിരിക്കണം തൊഴില്‍ എന്നതാണു ചട്ടം.
എന്നാല്‍ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണു ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യുന്നത്.
ഇത്തരക്കാരുടെ താമസ രേഖയാണു റദ്ദാക്കിയതെന്നും മന്ത്രി അറിയിച്ചു.