കുവൈത്ത് സിറ്റി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതെല്ലാം രാജ്യത്തിന്റെ കോട്ടങ്ങളാണെന്ന് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  

അതിര്‍ത്തിയിലെ ഭീകരവാദവും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് അവകാശപ്പെട്ട് മോഡി സര്‍ക്കാര്‍ നോട്ടു അസാധുവാക്കല്‍ നടപ്പിലാക്കിയപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് ഉണ്ടായത്. ഇത് പരിഹരിക്കാന്‍ ജനങ്ങളോട് 55 ദിവസത്തെ സാവകാശമാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍, നോട്ട് അസാധുവാക്കി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒരു രാജ്യം ഒരു നികുതി എന്ന് കൊട്ടി ഘോഷിച്ചാണ് ജിഎസ്ടി നടപ്പിലാക്കിയത്. മുദ്രാവാക്യം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും നികുതി സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Ooman Chandi
ഒഐസിസി പുരസ്‌കാരസന്ധ്യയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.

ലോകത്താകമാനം ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ എക്‌സൈസ് നികുതി ഉയര്‍ത്തി. അതുകൊണ്ട് പെട്രോള്‍ വില ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ മാറി. എല്ലാ മേഖലകളിലും മോദി സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പ്രതീക്ഷ കോണ്‍ഗ്രസിലും രാഹുല്‍ ഗാന്ധിയിലുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സഹിഷ്ണതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. എന്നാല്‍, വിമര്‍ശനങ്ങളെ വകവയ്ക്കാത്ത സഹിഷ്ണതയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മാധ്യമങ്ങളെ ഉള്‍പ്പെടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സകലരെയും  പുറത്താക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. 

യുഡിഎഫിന്റെ ആശയമായാണ് രമേശ് ചെന്നിത്തലനയിക്കുന്ന പടയൊരുക്കം ആരംഭിച്ചത്. എന്നാല്‍, ആ യാത്ര ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  ഒഐസിസി പുരസ്‌കാര സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. 

Award
ഒഐസിസി പുരസ്‌കാരസന്ധ്യയില്‍ ലുലു എക്‌സചേഞ്ച് സിഇഒ അബീദ് അഹമ്മദിന് ഉമ്മന്‍ ചാണ്ടി
എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നു.


ഒഐസിസി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എഐസിസി വക്താവ് കുശ്ബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

ഈ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡ് ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. ഗള്‍ഫ് വ്യവസായി കെ.ജി. ഏബ്രഹാം അദീബ് അഹമ്മദിനെ പൊന്നാടയണിയിച്ചു. 

ഒഐസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  അദീബ് അഹമ്മദ് പിന്തുണ വാഗ്ദാനം ചെയ്തു. 

ട്രേഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി യു.എസ്. സിബി, മറിയാമ്മ ഉമ്മന്‍ കെപിസിസി അംഗം ഫില്‍സന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു .