കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.  കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് കൊറോണ എമര്‍ജന്‍സി കമ്മിറ്റി മന്ത്രിസഭയോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ കുത്തുവെപ്പ് എടുക്കാത്തവരെ കര്‍ശനമായി നിയന്ത്രിക്കാനും, പൊതു സ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനും ശുപാര്‍ശ ചെയ്തു.

ഒരു ഇടവേളക്ക് ശേഷം പ്രതിദിന  കോവിഡ് രോഗികള്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.

അതേസമയം കഴിഞ്ഞ  24 മണിക്കൂറിനിടയില്‍  ഒന്‍പത് കോവിഡ് മരണങ്ങള്‍ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.  1, 761  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ   കോവിഡ്  രോഗികള്‍   3,46,560 ആയി വര്‍ദ്ധിച്ചു.   ആകെ കോവിഡ് മരണം 1,903  ആയും  ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,524  പേര്‍  ഉള്‍പ്പെടെ ആകെ 3,26,102 പേര്‍ രാജ്യത്ത് കോവിഡ് രോഗ മുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 13,771  പേരില്‍ നടത്തിയ പരിശോധനയിലാണ് 1,761 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്.

നിലവില്‍ 18,555 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍  267  പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Content Highlight:  Kuwait; 1,761 new COVID cases; 9 death