കുവൈത്ത് സിറ്റി: 1990-ലെ ഇറാഖ് അധിനിവേശകാലത്തെ നഷ്ടപരിഹാരത്തുകയ്ക്ക് പകരമായി ഗ്യാസ് നല്‍കുന്നതിനുള്ള ഇറാഖിന്റെ തീരുമാനത്തെ കുവൈത്ത് സ്വാഗതംചെയ്യുന്നു.
 
ഗ്യാസിനുള്ള വിലസംബന്ധിച്ച് ധാരണയിലെത്തിയാലുടന്‍ കരാറില്‍ ഒപ്പുവെക്കുന്നതാണെന്നും മന്ത്രി ഇസ്സാം അല്‍-മര്‍സുഖ് അറിയിച്ചു.

ഇറാഖില്‍നിന്ന് തുടക്കത്തില്‍ 50 മില്യന്‍ ക്യുബിക് ഫീറ്റ് ഗ്യാസായിരിക്കും ഇറക്കുമതി ചെയ്യുന്നത്. പിന്നീടത് 200 മില്യന്‍ ക്യുബിക് ഫീറ്റായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.

യുദ്ധ നഷ്ടപരിഹാരത്തുകയ്ക്കുപകരമായി കുവൈത്തിന് ഗ്യാസ് നല്‍കുന്നതിന് ഇറാഖ് സര്‍ക്കാര്‍ ആലോചിക്കുകയും ഇതുസംബന്ധിച്ച് നിയമഭേദഗതി വരുത്തുന്നതിന് ഇറാഖ് പാര്‍ലമെന്റ് എം.പി.മാര്‍ കരടുനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
 
ഇറാഖ് സര്‍ക്കാര്‍, എം.പി.മാരുടെ നിര്‍ദേശം പരിഗണിക്കുകയും എണ്ണ മന്ത്രി ജബ്ബാര്‍ അല്‍-ലുഐബിയെ കുവൈത്തിലേക്ക് ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അയക്കാനും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്
 
. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.