കുവൈറ്റ് സിറ്റി: കേരളത്തിന്റെ  സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന്  സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ തിരഞ്ഞെടുപ്പിനോടനനബന്ധിച്ച് കുവൈറ്റിലെ ഇടത് അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍നായാണ് പരിപാടി സംഘടിപ്പിച്ചത്. 

കഴിഞ്ഞ നാലര വര്‍ഷകാലം ഇടതുപക്ഷ  ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദികരിച്ചു. കോവിഡ്  സൃഷ്ടിച്ച പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കാതെ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും നടത്താത്ത  പ്രവര്‍ത്തനങ്ങളാണ് സമസ്ത മേഖലയിലും സംസ്ഥാനത്ത് നടപ്പിലാക്കിയത്, തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി  സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍ (സിപിഐ നാഷണല്‍ കൗണ്‍സില്‍ അംഗം),റോഷി അഗസ്റ്റിന്‍ എം.എല്‍.എ (കേരള കോണ്‍ഗ്രസ്സ്  എം), എന്‍. കെ. അബ്ദുള്‍ അസീസ് (കചഘ സംസ്ഥാന സെക്രട്ടേറിയേറ്റ്  അംഗം) ഷേയ്ക്. പി. ഹാരിസ് (എല്‍.ജെ.ഡി  സംസ്ഥാന ജനറല്‍ സെക്രട്ടറി) എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. 

കേരളത്തിന്റെ വികസനത്തിന് ഈ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച അത്യാവശ്യമാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി മുന്നിട്ട് ഇറങ്ങണമെന്നും നേതാക്കള്‍ പ്രവാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള അസോസിയേഷന്‍ പ്രതിനിധി ശ്രീംലാല്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, ഐ.എം.സി .സി  പ്രതിനിധി സത്താര്‍ കുന്നില്‍, കേരള കോണ്‍ഗ്രസ്സ് (എം) പ്രതിനിധി  സുബിന്‍ അറക്കല്‍, ജനതാ കള്‍ച്ചറല്‍ സെന്റര്‍ പ്രതിനിധി അനില്‍കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ചടങ്ങില്‍ സി കെ നൗഷാദ് കണ്‍വീനറും, ശ്രീംലാല്‍ ചെയര്‍മാനുമായുള്ള 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും 14 ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.