കുവൈത്ത്: കേരള ആര്‍ട്‌സ് ആന്‍ഡ് നാടക അക്കാദമി (കാന) കുവൈത്തിന്റെ നാലാമത് മെഗാ ഡ്രാമ 'വൈരം' ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ നടക്കും. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സീനിയര്‍) സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. 

ശക്തമായ ഒരു സ്ത്രീപക്ഷ പ്രമേയം ചര്‍ച്ച ചെയ്യുന്ന 'വൈരം' നടകത്തിന്റെ രചന ഹേമന്ത് കുമാറും സംവിധാനം കലാശ്രീ ബാബു ചാക്കോളയുമാണ്. കൊടുമുണ്ടാപുരം എന്ന ഒരു സങ്കല്പ ദേശത്തു ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കഥയാണ് നാടകം പറയുന്നത്. 

നാടകത്തിന് രംഗപടം ഒരുക്കിയിരിക്കുന്നത് ആര്‍ട്ടിസ്റ്റ് വിജയന്‍ കടമ്പേരിയാണ്. ചമയം വക്കം മാഹീമും. രംഗസാക്ഷാത്ക്കാരവും ദീപസംവിധാനവും ചിറക്കല്‍ രാജുവും നിര്‍വഹിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കുന്നത് സോണി വി. പരവൂരാണ്.  

പ്രോഗ്രാം കണ്‍വീനര്‍ സജീവ് കെ പീറ്റര്‍, വിജയന്‍ കടമ്പേരി, വക്കം മാഹിം, ചിറക്കല്‍ രാജൂ,  ജിജു കാലായില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.