കുവൈറ്റ്‌സിറ്റി: ലക്ഷദ്വീപിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ അസോസിയേഷന്‍ (കല കുവൈറ്റ്). ജനാധിപത്യ വിരുദ്ധ നടപടികളാണ് വികസനത്തിന്റെ പേരില്‍ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയ പ്രഫുല്‍ പട്ടേല്‍ കൈകൊള്ളുന്നതെന്ന് കല കുവൈറ്റ് ആരോപിച്ചു. 

ദ്വീപ് നിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമായ കാലിവളര്‍ത്തലിനെ നിരോധിച്ചുകൊണ്ട് പാലുല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമെടുക്കുക, മത്സ്യ തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകള്‍ പൊളിച്ചു മാറ്റുക, ക്രൈംറേറ്റില്‍ ഏറ്റവും താഴെയുള്ള ഒരു പ്രദേശത്ത് ഗുണ്ടാ നിയമം കൊണ്ടു വരിക, കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസാഹാരം ഒഴിവാക്കുക, ജനസമ്മതരായ പൊതുപ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവാക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വരിക തുടങ്ങി നിരവധി ജനാധിപത്യ വിരുദ്ധ നടപടികളാണ് വികസനത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ കൊണ്ടുവന്നിട്ടുള്ളത്. 

ഇതിന്റെ മറവില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ടൂറിസം വ്യവസായത്തിനായി കളമൊരുക്കുന്ന ഏജന്റിന്റെ പ്രവര്‍ത്തനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ  നടത്തുന്നത്. സംഘപരിവാര്‍-കോര്‍പ്പറേറ്റ് കൂട്ടുകെട്ടില്‍ ലക്ഷദ്വീപ് നിവാസികളുടെ സൈ്വര്യജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ഇത്തരം അജണ്ടകള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര് അറിയിച്ചു.

Content Highlights: Kala Kuwait on lakshadweep issue