കുവൈറ്റ് സിറ്റി: 'മതനിരപേക്ഷ ധൈഷണികതക്കു നേരെ' എന്ന വിഷയത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗവുമായിരുന്ന ഡോ: കെ.എന്‍ ഹരിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വ്വകലാശാലകള്‍ ആശയ സംഘടനം അനുവദിക്കേണ്ട സ്ഥലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

j2

സൃഷ്ടി നടക്കണമെങ്കില്‍, പുതിയ ആശയങ്ങള്‍ ഉണ്ടാകണമെങ്കില്‍ സര്‍വ്വകലാശാലകള്‍ സ്വതന്ത്രമായിരിക്കണം. വിമര്‍ശനങ്ങളെ ദേശദ്രോഹമായി കാണുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍. സംഘപരിവാറിനെതിരെ നിലപാടെടുക്കുന്നവരെല്ലാം ദേശദ്രോഹികളെന്നാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ ഭരണകൂട നിലപാട് അപലപനീയമാണ്.

j3

ഇന്ത്യയെ സാമ്രാജ്യത്വത്തിന് കീഴില്‍ അടിമപ്പെടുത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സിറിയയുടേയും ഇറാഖിന്റേയും സ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുമോ എന്ന ആശങ്ക രാജ്യത്ത് വ്യാപകമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 'ഫാസിസം' നടപ്പാക്കുക അത്ര എളുപ്പമല്ല. എങ്കിലും, സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത സാഹോദര്യം വീണ്ടെടുക്കേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

j4

ആബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ജാഗ്രതാ സദസ്സില്‍ 'കല' ആക്ടിംഗ് പ്രസിഡന്റ് സി.കെ. സൈജു അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ സിനിമാതാരം കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി സജീവ് എം. ജോര്‍ജ്ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജാഗ്രത സദസ്സിന് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട് രാജീവ് ജോണ്‍,സത്താര്‍ കുന്നില്‍, ഹരീഷ് തൃപ്പൂണിത്തുറ, ഷെരീഫ് പിറ്റി, ജോണ്‍ മാത്യു, ടി.വി. ഹിക്മത്ത് എന്നിവര്‍ സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും മേഖലാ സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.