കുവൈത്ത് സിറ്റി: മലയാളികളിലെ കാര്ഷികാഭിരുചി വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക സംസ്കാരം നില നിറുത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്ത് സംഘടിപ്പിച്ച 'എന്റെ കൃഷി' മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടൊബറില് ആരംഭിച്ച് ഈ വര്‍ഷം മാര്‍ച്ച് വരെ നീണ്ടുനിന്ന മത്സരത്തില്‍ കുവൈത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമായി 450-ല്‍ അധികം മലയാളികളാണ് പങ്കെടുത്തത്. മത്സരത്തില്‍ സാല്‍മിയ മേഖലയില്‍ നിന്നും പങ്കെടുത്ത ദിവ്യ കിരണ്‍ ഒന്നാം സമ്മാനത്തിനര്‍ഹയായി. അബു ഹലീഫ മേഖലയില്‍ നിന്നും പങ്കെടുത്ത ആന്റൊ ജോസഫ്, ഫാഹിമ അഹമ്മദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഇതുകൂടാതെ കുവൈത്തിലെ നാലു മേഖലകളില്‍ നിന്നും അഞ്ച്പേര്‍ വീതം പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായിട്ടുണ്ട്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് കല കുവൈത്തിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക പരിപാടിയായ 'പ്രയാണം-2019' ല്‍ വെച്ച് സമ്മാനമായി സ്വര്‍ണ്ണ മെഡലുകളും ട്രോഫികളും കൈമാറും.
കുവൈത്തിലെ സവിശേഷമായ കാലാവസ്ഥക്ക് അനുസരിച്ച് ജൈവവള നിര്‍മ്മാണത്തിലും, കൃഷി പരിപാലനത്തിലും, ജൈവ കീട നിയന്ത്രണ മാര്‍ഗ്ഗങ്ങളിലും തികച്ചും മാതൃകാപരമായ അറിവുകള്‍ പരസ്പരം കൈമാറാന്‍ സാധിച്ചു എന്നതാണ് ഒരു കൃഷി മത്സരം എന്നതിലുപരി 'എന്റെ കൃഷി' എന്ന പരിപാടിയെ ശ്രദ്ധേയമാക്കിയത്. മേഖല വിദഗ്ദ്ധ സമിതികള്‍ മൂന്നു ഘട്ടങ്ങളിലായി മൂല്യ നിര്‍ണയം നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. ഫ്ലാറ്റുകള്ക്കകത്തെ ബാല്‍ക്കണികളിലും, റൂമിനകത്തു തന്നെയും അനുഭവപ്പെടുന്ന സ്ഥലപരിമിതികളൊന്നും അനുയോജ്യമായ കാര്‍ഷിക വിളകള്‍ നട്ടുവളര്‍ത്തുന്നതിനും, കൃഷിപരിപാലന അറിവുകള്‍ സ്വായത്തമാക്കുന്നതിനും പ്രതിബന്ധമല്ലെന്ന തിരിച്ചറിവുകള്‍ തുറന്നിട്ടുകൊണ്ടാണ് ഈ വര്‍ഷത്തെ മത്സരം അവസാനിച്ചതെന്ന് 'എന്റെ കൃഷി' മത്സര പരിപാടിയുടെ കോഡിനേറ്റര്‍ ആയ കല കുവൈത്ത് കേന്ദ്രക്കമ്മിറ്റി അംഗം വിവി രംഗന് പറഞ്ഞു.