കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ചാര്‍ട്ട് ചെയ്ത ആദ്യ വിമാനം വെള്ളിയാഴ്ച വൈകുന്നേരം 4.50ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങി മുന്‍ഗണനാ ക്രമത്തിലുള്ള 322 പേരും 10 കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 332 യാത്രക്കാരാണ് വിമാനത്തിലുള്ളത്. 

യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനായി കല കുവൈത്തിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരുടെ സേവനം എയര്‍പ്പോര്‍ട്ടില്‍ ലഭ്യമാക്കിയിരുന്നു. നാട്ടില്‍ സമര്‍പ്പിക്കുന്നതിനാവശ്യമായ ഡിക്ലറേഷന്‍ ഫോമുകള്‍, ലഘു ഭക്ഷണം, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. 

ആദ്യ ചാര്‍ട്ടേഡ് വിമാന സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച കുവൈത്ത് എയര്‍വേസ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നതായും രണ്ടാം ഘട്ട യാത്രയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പറഞ്ഞു.