തിരുവന്തപുരം: കല കുവൈത്തിന്റെ അനശ്വര കാഥികന്‍ സാംബശിവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട തെരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും പ്രശസ്തി  പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2021 ഡിസംബര്‍ 19 ഞായറാഴ്ച്ച തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട് അറിയിച്ചു.

ഒ.എന്‍.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്‍, കെ.പി.എ.സി സുലോചന, നിലമ്പൂര്‍ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്, കെ.പി കുഞ്ഞുമുഹമ്മദ്, അനില്‍ നാഗേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള  നിരവധി പ്രമുഖര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കല ട്രസ്റ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങില്‍ വെച്ച് കുവൈത്ത് കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കി വരുന്ന  വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റിന്റെ തിരുവനന്തപുരം ജില്ലയിലെ വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍  വിജയികളാകുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്.