കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  'എന്റെ കൃഷി 2020 -21 ' കാര്‍ഷിക മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സെപ്റ്റംബര്‍ 09ന് കല കുവൈറ്റ് അബുഹലീഫ കല സെന്ററില്‍ വെച്ച് നടന്നു. 

കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍,ട്രഷര്‍ പി.ബി സുരേഷ്, വൈസ് പ്രസിഡണ്ട്  വി.വി രംഗന്‍,ജോയിന്റ്  സെക്രട്ടറി അസഫ് അലി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ  ഷൈബു കരുണിന്  'കര്‍ഷകശ്രീ' പുരസ്‌കാരവും, രണ്ടാം സ്ഥാനം നേടിയ ജയകുമാറിന്  'കര്‍ഷക പ്രതിഭ'  പുരസ്‌കാരവും, മൂന്നാം സ്ഥാനം നേടിയ രാജന്‍ തോട്ടത്തിന്  'കര്‍ഷക മിത്ര' പുരസ്‌കാരം നല്‍കി. 

അഞ്ഞൂറോളം മത്സരാര്‍ഥികളാണ്  2020 ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ 6 മാസക്കാലം ഫ്‌ളാറ്റുകളിലും, ബാല്‍ക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തില്‍ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ്‌വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്