കുവൈത്ത് സിറ്റി: സൗജന്യ വാക്‌സിന്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എന്‍. സുകന്യ. സൗജന്യ കോവിഡ് വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരായി  കല കുവൈത്ത് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എന്‍ സുകന്യ. 

കൃത്യമായ ക്രമീകരണങ്ങള്‍ നടത്താതെ ജനങ്ങളെ മരണത്തിന്റെ പിടിയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കുത്തക കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുന്നതിന്റെ ദല്ലാളായാണ് മോദി ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ബഡ്ജറ്റില്‍ കൃത്യമായി തുക വകയിരുത്തിട്ടും അത് വിനിയോഗിക്കാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വാക്സിന്‍ പൈസ കൊടുത്ത് വാങ്ങിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളുടെ ജീവിതത്തെയും ജീവനെയും സംരക്ഷിക്കാനോ സംഘപരിപാര്‍ ഭരണകൂടത്തിന് കഴിയുന്നില്ല. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, കര്‍ഷകരെ ദ്രോഹിക്കുന്ന കര്‍ഷക നിയമം ഇവയെല്ലാം ജനദ്രോഹത്തിന്റെ ഭാഗമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കാതെ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും നടത്താത്ത പ്രവര്‍ത്തനങ്ങളാണ് സമസ്ത മേഖലയിലും കേരള സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചതാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. പ്രതിഷേധക്കൂട്ടായ്മയില്‍ വിനോദ് സി.എ (കേരള അസോസിയേഷന്‍), അഡ്വ: സുബിന്‍ അറക്കല്‍ (പ്രവാസി കേരള കോണ്‍ഗ്രസ്സ്), സമീര്‍ കൊണ്ടോട്ടി (ജനതാ കള്‍ച്ചറല്‍ സെന്റര്‍), എന്‍. അജിത് കുമാര്‍ (കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍) എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ട്രഷര്‍ പി.ബി സുരേഷ് പ്രതിഷേധക്കൂട്ടായ്മക്ക് നന്ദിയും രേഖപ്പെടുത്തി.