കുവൈത്ത് സിറ്റി: കല (ആര്‍ട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നിറം 2020' ചിത്രരചനാ മത്സരം  നവംബര്‍ 13ന്  ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം വീടുകളില്‍ വെച്ച് തന്നെയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഓരോ ഗ്രൂപ്പുകാര്‍ക്കും ഉള്ള വിഷയം കല (ആര്‍ട്ട്) കുവൈത്തിന്റെ വെബ്‌സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയില്‍ വഴിയും അറിയിക്കും.  

അമേരിക്കന്‍ ടുറിസ്റ്റര്‍റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല്‍ 'നിറം' എന്ന നാമകരണത്തില്‍ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 16-ാം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് സ്വര്‍ണ നാണയവും, രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് സ്പെഷ്യല്‍ ഗിഫ്റ്റും നല്‍കുന്നതാണ്. കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.

സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നുള്ള പ്രാതിനിത്യമാണ് കുരുന്നു പ്രതിഭകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2500 കവിഞ്ഞതായും കല (ആര്‍ട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി. പി, ജനറല്‍ സെക്രട്ടറി ശിവകുമാര്‍, ജനറല്‍ കണ്‍വീനര്‍ ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.