കുവൈത്ത് സിറ്റി : പ്രവാസികള്‍ കേരള വികസനത്തിന്റെ നട്ടെല്ലാണെന്ന് 'കേരളീയ വികസനവും പ്രവസികളും' എന്ന വിഷയത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പറഞ്ഞു. ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഒരു പ്രവാസി സൗഹൃദ സര്‍ക്കാരാണെന്നും കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ് പ്രവാസികളെയും കൂടി ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമ്പത്തിക സാസ്‌കാരിക, സാമൂഹ്യ മേഖലയിലെ പ്രവാസികളുടെ സംഭാവനകളെ ശരിയായ രൂപത്തില്‍ പരിഗണിക്കാന്‍ ശ്രമിച്ച ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് വിവിധ തരത്തിലുള്ള തൊഴില്‍ പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു. 

തുടര്‍ന്ന് കല കുവൈറ്റിന്റെ മുഖ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പുതിയ ലക്കത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത  വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവിധ സര്‍ക്കാര്‍ ബോഡികളിലെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ വിശദീകരിച്ചു. പിഎം ജാബിര്‍ (പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ - ഒമാന്‍), ജോര്‍ജ് വര്‍ഗീസ് (പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ - സൗദി അറേബ്യ), സുബൈര്‍ കണ്ണൂര്‍ (പ്രവാസി കമ്മീഷന്‍ അംഗം - ബഹ്റൈന്‍) എന്‍ അജിത് കുമാര്‍ (പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ - കുവൈറ്റ്) കൂടാതെ വനിത വേദി കുവൈറ്റ് പ്രസിഡന്റ്  രമ അജിത് എന്നിവര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.