കുവൈത്ത് സിറ്റി: ഏപ്രില്‍ 1 മുതല്‍ 30 വരെ കുവൈറ്റ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനായി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട  പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 


കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യോമയാന സര്‍വീസുകളില്‍ നില നിന്നിരുന്ന അനിശ്ചിതത്വം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് തടസ്സമായി നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പരിമിതമായ സര്‍വീസുകള്‍ മാത്രം ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുമാപ്പ് ക്യാമ്പുകളില്‍ കാത്തിരിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് മാസങ്ങള്‍ വേണ്ടി വരും. കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഈ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണൂറോളം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് അടിയന്തിര ഇടപെടലുകള്‍  നടത്തണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൌഷാദ് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും, പരിഗണന ലിസ്റ്റില്‍ നിന്നും ഗര്‍ഭിണികള്‍, പ്രായം ചെന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഉപരി പഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് കൃത്യത ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നും ശ്രദ്ധവേണമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.