കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കുവൈത്ത് കലയുടെ അംഗങ്ങള്‍ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കായി പ്രൊഫഷണല്‍, അഡ്വാന്‍സ്ഡ്, വനിത  എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 

കല കുവൈത്തിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 55 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. റിഗ്ഗായ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് കൈരളി ടി.വി.മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ.എം.അഷ്റഫ്  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലയുടെ കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി സ്വാഗതവും  സ്വാഗതവും ജനറല്‍ സെക്രട്ടറി ജെ.സജി ആശംസയും അര്‍പ്പിച്ചു. സാല്‍മിയ മേഖല ആക്ടിങ് സെക്രട്ടറി അനില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി.

ടൂര്‍ണ്ണമെന്റിലെ പ്രൊഫഷണല്‍ വിഭാഗത്തില്‍ ഫഹാഹീല്‍ ഈസ്റ്റ് യൂണിറ്റിലെ  ലിജു ജോസഫ് & വൈശാഖ് ജോഷി ടീം ഒന്നാം സ്ഥാനവും, ഫഹാഹീല്‍ ഈസ്റ്റ് യൂണിറ്റിലെ തന്നെ ബാസ്റ്റിന്‍ & ജിതിന്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ അബ്ബാസിയ എച്ച് യൂണിറ്റിലെ ജോസ് മാത്യു & ക്രിസ് സിജോ  ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. മംഗഫ് എ യൂണിറ്റിലെ അഭിലാഷ് മന്മഥന്‍ &സിബി ഭാസ്‌കരന്‍ ടീമിനാണ്  രണ്ടാംസ്ഥാനം. വനിതാ വിഭാഗത്തില്‍ മംഗഫ് സെന്‍ട്രല്‍ യൂണിറ്റിലെ മഞ്ജു &ഷൈന ജയകുമാര്‍  ടീം ഒന്നാം സ്ഥാനവും, അബുഹലീഫ എ യൂണിറ്റിലെ ഷെറീന & ഹിഷാന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, ബാഡ്മിന്റണ്‍ സ്റ്റേറ്റ് പ്ലെയര്‍ അര്‍ഷാദ്, കല കുവൈറ്റ്  പ്രസിഡണ്ട്  സി.എസ്. സുഗതകുമാര്‍ , ജനറല്‍ സെക്രട്ടറി ജെ.സജി , ട്രഷറര്‍ രമേശ് കണ്ണപുരം ,കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. കായിക വിഭാഗം സെക്രട്ടറി നാസര്‍ കടലുണ്ടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി