കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള അമിത വിമാന നിരക്ക് കുറക്കുന്നതിന് ഇടപെടുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. നീണ്ട ഇടവേളക്ക് ശേഷം കുവൈത്തിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വര്‍ധനവ് ശ്രദ്ധയില്‍ പെട്ടതായും, ഇത് സംബന്ധമായ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സ്ഥാനപതി അറിയിച്ചു. 

എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധമായി അധികൃതരുമായി ബന്ധപ്പെടുമെന്നും എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കുവൈത്തിലേക്ക് ഇന്ത്യന്‍ വിമാന കമ്പനികള്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗിമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.