കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ അമിത ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷന്‍ (ഫോക്ക്) നിവേദനം നല്‍കി. 

കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും, വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും, കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനാപതി സിബി ജോര്‍ജിനും, കണ്ണൂര്‍ എംപി  കെ.സുധാകരനും നിവേദനം നല്‍കിയതായി ഫോക്ക് പ്രസിഡന്റ് സലിം എം ന്‍, ജനറല്‍ സെക്രട്ടറി ലിജീഷ് പി, ട്രെഷറര്‍ മഹേഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് ഏറെകാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കപ്പെട്ടിരിന്നു. ഇന്ത്യന്‍ സ്ഥാനാപതിയുടെ സമഗ്രമായ ഇടപെടുകളിലൂടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിലൂടെ നിരവധി ആളുകള്‍ നാട്ടില്‍ നിന്നും തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തിയ അമിത ടിക്കറ്റ് നിരയ്ക്ക് കുറയ്ക്കണമെന്ന് ഇമെയില്‍ സന്ദേശമായി നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി ഫോക്ക് ഭാരവാഹികള്‍ അറിയിച്ചു.